ചാവക്കാട് : പ്രളയ ബാധിതരെ സഹായിക്കുന്നതിനായി നഗരസഭാ കൌണ്‍സില്‍ അംഗങ്ങളുടെ ഒരുമാസത്തെ ഓണറെറിയം ഉള്‍പ്പെടെ അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ചാവക്കാട് നഗരസഭാ കൌണ്‍സില്‍ യോഗം തീരുമാനിച്ചു. ഇന്ന് നടന്ന അടിയന്തിര കൌണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ വിവര ശേഖരണം എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ സഹായത്തോടെ നാളെയും മറ്റന്നാളുമായി നടക്കും. വെള്ളക്കെട്ടുകള്‍ മൂലം തകര്‍ന്ന റോഡുകളുടെ പട്ടിക തയ്യാറാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി. പ്രളയ ദുരിതത്തില്‍ കേമ്പുകളില്‍ വരാതെ ബന്ധു വീടുകളിലും മറ്റും താമസിച്ചവര്‍ക്കുള്ള അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റ് രണ്ടു ദിവസത്തിനകം വിതരണം ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനമായി. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു.